ജീവാണുവളങ്ങള്‍

Jeevaanu

ട്രൈക്കോഡെര്‍മ

ട്രൈക്കോഡെര്‍മ എന്ന മിത്ര  കുമിള്‍ ഉപദ്രവകാരികളായ ബാക്ടീരിയകളെയും കുമിളുകളെയും നശിപ്പിക്കാന്‍ കഴിവുള്ള മിത്ര കുമിളാണ്. ട്രൈക്കോഡെര്‍മയുടെ 12 ഇനങ്ങളെ കണ്ടെത്തിയിട്ടുണ്ട്.

  1. ട്രൈക്കോഡെര്‍മ വിറിഡേ
  2. ട്രൈക്കോഡെര്‍മ ഹാഴ്സിയാനം

എന്നിവയാണ് രോഗകാരികളായ കുമിളകളെ നശിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍.ശത്രു കുമിളകളുടെ മേല്‍ അതിവേഗം പടര്‍ന്ന്‍ അവയെ വരിഞ്ഞുമുറുക്കി നിര്‍ജീവമാക്കുന്നു. ട്രൈക്കോഡെര്‍മ സസ്യങ്ങളോടുകൂടി ചേര്‍ന്ന് കാണപ്പെടുന്നതിനാല്‍ രോഗകാരികളായ കുമിളുകള്‍ക്ക് വേരുകളെ ഉപദ്രവിക്കാന്‍ പറ്റാതെ വരുന്നു. ട്രൈക്കോഡെര്‍മിന്‍, ഗ്ലൂക്കോവൈറ്റിന്‍, വിറിഡിന്‍ തുടങ്ങിയ ആന്റിബയോട്ടിക്കുകള്‍ ഉല്‍പ്പാദിപ്പിക്കുകയും ഇവ ശത്രുകുമിളുകളില്‍ കുത്തിവെച്ച് അവയുടെ നാശം ഉറപ്പാക്കുന്നു. കൈറ്റിനേസ്,സെല്ലുലോസ്,B43 ഗ്ലൂക്കനേസ്,പ്രോട്ടിയേസ് തുടങ്ങിയ രാസാഗ്നികള്‍ ഉല്പാദിപ്പിച്ച് ശത്രുകുമിളകളുടെ കോശങ്ങളെ വിഘടിപ്പിച്ച് നാശം പൂര്ണ്ണമാക്കുന്നു.

വിള കുമിള്‍രോഗം കുമിള്‍
കുരുമുളക് ദ്രുതവാട്ടം ഫൈറ്റോഫ്ത്തോറ
ഇഞ്ചി മൂടുചീയല്‍  പിത്തിയം
മഞ്ഞള്‍ മൂടുചീയല്‍ പിത്തിയം
ഏലം മൂട്അഴുകല്‍ ഫൈറ്റോഫ്ത്തോറ
വാനില മൂട്അഴുകല്‍ ഫ്യൂസേറിയം
പച്ചക്കറികള്‍ വേരുചീയല്‍,വാട്ടം

പിത്തിയം

ഫൈറ്റോഫ്ത്തോറ

റൈസക്ടോണിയ

ഉത്പ്പാദനരീതി

രോഗഹേതുവായ കുമിളുകള്‍ക്ക് ഉത്തമമായ പ്രതിവിധിയാണ് ട്രൈക്കോ.

ഉണക്കിപൊടിച്ച ചാണകവും വേപ്പിന്‍ പിണ്ണാക്കും 9:1:2 എന്നതില്‍ 9-ചാണകം,1-വേപ്പിന്‍ പിണ്ണാക്ക്,2-ട്രൈക്കോ അനുപാതത്തില്‍ ആവശ്യത്തിന്‌ വെള്ളം തളിച്ച് ഇളക്കിയെടുക്കണം.ഈ മിശ്രിതം ട്രൈക്കോഡെര്‍മയുടെ വളര്‍ച്ചയെ സഹായിക്കുക മാത്രമല്ല അവ ദീര്‍ഘകാലം മണ്ണില്‍ നിലനില്‍ക്കുവാനും ഉപകരിക്കുന്നു.മിശ്രിതം നന്നായി കൂട്ടി കലര്‍ത്തുക പുട്ട് പൊടി തയ്യാറാക്കുന്നത് പോലെ.വെള്ളം അധികമാകരുത്. അധികമായാല്‍ വായു സഞ്ചാരം നില്‍ക്കുന്നതു മൂലം കുമിളിന്റെ വളര്‍ച്ച തടസപെടും.ഇപ്രകാരം തയ്യാറാക്കിയ മിശ്രിതം കുറെകൂടി ഈര്‍പ്പമുള്ള ചാക്കുകൊണ്ട് മൂടുക.ഒരാഴ്ച കഴിയുമ്പോള്‍ കൂനയില്‍ പച്ച നിറത്തിലുള്ള പൂപ്പല്‍ കാണാം.ട്രൈക്കോഡെര്‍മ പെരുകി തുടങ്ങി അല്പം നനവ് നല്‍കിയതിനു ശേഷം മൂന്ന്‌ ദിവസം കൂടി മൂടിയിടുക.ഈ മിശ്രിതത്തില്‍ 1ഗ്രാമില്‍ 10 ലക്ഷം കുമിളിന്റെ കൊശങ്ങള്‍ ഉണ്ടാകും.

 

സ്യൂഡോമോണസ്(Pseudomonas)

 

മണ്ണില്‍ ചെടിയുടെ വേരുപടലങ്ങളിലാണ് കാണപെടുന്നത്.നിര്‍മ്മാണ ശാലയില്‍ പ്രത്യേക മാധ്യമത്തില്‍ വളര്‍ത്തുമ്പോള്‍ തിളങ്ങുന്നതിനാല്‍ ഫ്ലൂറസെന്റ്‌ സ്യൂഡോമോണസ് എന്ന് വിളിച്ച് പോരുന്നു.സ്യൂഡോമോണസ് ഒരു മിത്രബാക്ടീരിയയാണ്.കേരളത്തിലെ വിളകളിലെ പ്രധാന രോഗകാരികളായ ഫൈറ്റോഫ്ത്തോറ, പിത്തിയം, നൈസക്റ്റോണിയ,ഫ്യൂസേറിയം,കൊളിറ്റോട്രൈക്കം എന്നീ കുമിളുകളും,സാത്തോമോണസ്,നാത്സ്റ്റോണിയ എന്നീ ബാക്ടീരിയകളെയും പൂര്‍ണ്ണമായി നശിപ്പിക്കുന്നു.വന്‍തോതില്‍ ഹോര്‍മോണുകള്‍ ഉത്പാദിപ്പിച്ച് വിളവളര്‍ച്ചയെ ത്വരിതപെടുത്താനും കഴിവുള്ള സൂക്ഷ്മാണു ആണിത് സസ്യ ഹോര്മോണുകളായ ഓക്സിന്‍,ഗിബറലിന്‍,ഇന്‍ഡോള്‍,അസറ്റിക് ആസിഡ്,സൈറ്റോ കൈനില്‍ എന്നിവ നിര്‍മ്മിക്കുവാനും കഴിയും,തന്മൂലം വിളവ് വര്‍ദ്ധിപ്പിക്കുവാനും കഴിയും.ഇതിനോടൊപ്പം ശത്രുകുമിളകള്‍ക്കും,ബാക്ടീരിയകള്‍ക്കും ഹാനികരമായ മൈക്കോസയനിന്‍,വൈല്യകട്ടിയോറിന്‍,ട്രോപ്പലോണ്‍ എന്നീ ആന്റിബയോട്ടിക്കുകളും ഉത്പാദിപ്പിക്കുന്നു.മൂന്ന് രീതിയിലാണ് സ്യൂഡോമോണസ് പ്രയോഗിക്കുന്നത്.

  1. വിത്ത്‌/നടീല്‍ വസ്തു മുക്കി വെയ്ക്കാനുള്ള ലായനി
  2. ഇലകളില്‍ തളിച്ച് കൊടുക്കാനുള്ള ലായനി
  3. ചുവട്ടില്‍ ഒഴിച്ച് കൊടുക്കാനുള്ള ലായനി

ഞാറിന് : 2% വീര്യമുള്ള ലായനിയില്‍ ഞാറ് 30 മിനിറ്റ് മുക്കിവെക്കുക.

കുരുമുളക്: 2% വീര്യമുള്ള ലായനി ചുവട്ടില്‍ ഒഴിക്കുക(ദ്രുതവാട്ടം)

 പച്ചക്കറികള്‍: 2% വീര്യമുള്ള ലായനി വിത്ത്‌ കിളിര്‍ത്ത ശേഷവും പറിച്ച് നടുമ്പോള്‍ 30 മിനിറ്റും,2 ആഴ്ച്ച കൂടുമ്പോള്‍ 2% വീര്യമുള്ള ലായനി

വാഴ: 2% വീര്യമുള്ള ലായനി ഇലകളിലെ പോളകളിലും ഒഴിക്കുക

ഇഞ്ചി,മഞ്ഞള്‍ : 2% വീര്യമുള്ള ലായനി

വേര്‍ട്ടിസീലിയം

കീടങ്ങളെ നശിപ്പിക്കാന്‍ നൈര്‍ഗ്ഗികമായ കഴിവുള്ള സൂക്ഷ്മാണു ആണ് വേര്‍ട്ടിസീലിയം ലക്കാന എന്ന കുമിള്‍. വേര്‍ട്ടിസീലിയം കീടങ്ങളുടെ പുറംതോട് തുളച്ച് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് കോശങ്ങളില്‍ വിഷവസ്തുക്കള്‍ കുത്തിവെച്ച്  കീടങ്ങള്‍ ജീവഹാനി ഉണ്ടാക്കുന്നു. വേര്‍ട്ടിസീലിയം ബാധിച്ച കീടങ്ങള്‍ മറ്റു കീടങ്ങളുമായ്  സമ്പര്‍ക്കപ്പെടുമ്പോള്‍  കുമിള്‍ അവയിലേക്കും പ്രവേശിക്കും.അന്തരീക്ഷ വായുവിലൂടെ ഈ കുമിള്‍ മറ്റു കീടങ്ങളിലേക്ക് കടന്ന്കൂടും. മുഞ്ഞ,വെള്ളീച്ച,ചുമന്ന മണ്ഡരി,ചിതല്‍ എന്നിവയെ വെര്‍ട്ടിസീലിയം നിയന്ത്രിക്കും.2% വീര്യമുള്ള ലായനി വിളകളുടെ ഇലകളില്‍-മുകളിലും അടിയിലും ഒരുപോലെ തളിക്കുക.

  • അതിരാവിലെയോ വൈകുന്നേരമോ മാത്രം തളിക്കുക
  • പശചേര്‍ത്ത് തളിക്കുക.

ലായനി തളിക്കുമ്പോള്‍ മറ്റ് കീട-കുമിള്‍ നാശനികളോ ചേര്‍ക്കരുത്.

മെറ്റാറൈസിയം

പച്ച കുമിള്‍ തെങ്ങിന്‍റെ പ്രധാന ശത്രു കീടമായ  കൊമ്പന്‍ ചെല്ലി മുട്ടയിട്ട് പെരുകുന്നത് ചാണകത്തിലും കമ്പോസ്റ്റിലുമാണ്.അഴുകുന്ന തടികളിലും മുട്ടയിട്ടേക്കും.ഉത്ഭവ സ്ഥാനത്തു തന്നെ പുഴുക്കളെ നശിപ്പിക്കുകയാണ് മെറ്റാറൈസിയം അനിധോപ്ലിയെ എന്ന പച്ചകുമിള്‍ ചെയ്യുന്നത്.പുഴുവിനെ ശരീരത്തില്‍ തുളച്ചു കയറി അവിടെ പെരുകിയാണ് മെറ്റാറൈസിയം കീടത്തെ കൊല്ലുന്നത്.

25kg ചാണകത്തില്‍ 100gm മെറ്റാറൈസിയം കള്‍ച്ചര്‍ എന്ന കണക്കിലാണ് ഉപയോഗിക്കേണ്ടത്.

100gm കള്‍ച്ചര്‍ 750ml വെള്ളത്തില്‍ കലര്‍ത്തി ചാണകത്തില്‍ തളിച്ച് ഇളക്കി മറിച്ച് മൂടിയിടുക.സൂര്യപ്രകാശം നേരിട്ട് എല്ക്കരുത്.15 ദിവസത്തിനകം പുഴുക്കള്‍ ചത്തുപോകും.

PGPR മിശ്രിതം

സസ്യ വളര്‍ച്ച സഹായിയായ റൈസോബാക്ടീരിയ(plant Growth    Promoting Rhizobacteria) എന്താണ്.ചെടികളുടെ വേര് പടലങ്ങളില്‍ കേന്ദ്രികരിച്ച്  കഴിയുകയും അങ്ങനെ സസ്യ വളര്‍ച്ച ത്വരിതപെടുത്തുകയും.കീട-രോഗങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു.സസ്യ ശരീരത്തിലെ  ഹോര്‍മോണ്‍  നിലയില്‍ വ്യത്യാസം ഉണ്ടാക്കി,മണ്ണില്‍ നിന്ന് പോഷകങ്ങള്‍ വലിച്ചെടുക്കാന്‍ സഹായിക്കുന്നു,ഇതിന്റെ അനന്തരഫലമായി വേര് കൂടുതല്‍ പൊട്ടി വളരുകയും ചെയ്യും.      നാം നേരത്തേ പരിചയപ്പെട്ട അസോസ്പൈറില്ലം,അസറ്റോബാക്ടര്‍, സ്യൂഡോമോണസ് എന്നീ ബാക്ടീരിയകള്‍ ഉള്‍പെട്ട കൂട്ടായ്മയാണ് PGPR.പലതരം സൂക്ഷ്മാണുക്കള്‍ ഉപയോഗിക്കുന്നതിന് പകരം ഒന്ന് എന്ന ആശയത്തില്‍ നിന്നാണ് PGPR മിശ്രിതത്തിന്റെ പിറവി.  

 

Malayalam
-->