പയര്‍

Long Beans

 

കുരത്തോല  പയര്‍,പതിനെട്ടുമണി പയര്‍,അച്ചിങ്ങ പയര്‍,വള്ളി പയര്‍ എന്നീ പേരുകളില്‍ അറിയപെടുന്ന  പയര്‍ ആണ് കൂടുതല്‍ പ്രചാരത്തിലുള്ളത്.

പയര്‍ ഇനങ്ങള്‍

വള്ളിപ്പയറില്‍ ലോല, വൈജയന്തി, ശാരിക, മാലിക. കെ. എം. വി 1, മഞ്ചേരി ലോക്കല്‍, വയലത്തൂര്‍ ലോക്കല്‍, കുരുത്തോലപ്പയര്‍.

കുറ്റിപ്പയറില്‍ അനശ്വര, കൈരളി, വരുണ്‍,കനകമണി (പി.ടി.ബി.1), അര്‍ക്ക് ഗരിമ.

തടപ്പയറില്‍ ഭാഗ്യലക്ഷ്മി,പൂസ ബര്‍സാത്തി, പൂസ കോമള്‍, എന്നീ ഇനങ്ങളിലുള്ള വിത്തുകളാണ് നടാന്‍ ഉപയോഗിക്കുന്നത്.

വര്‍ഷം മുഴുവന്‍ കൃഷിചെയ്യാന്‍ പറ്റുന്ന പച്ചക്കറിയാണിത്. വള്ളിപ്പയര്‍ നടാന്‍ ഉചിതം ആഗസ്‌റ് സെപ്തംബര്‍. മഴക്കാലത്ത് ചെടി തഴച്ച് വളരുമെങ്കിലും വിളവ് കുറവാണ്

നടീല്‍ രീതി

Planting

ഏതു സീസണിലും പയര്‍ കൃഷിചെയ്യാം. മഴയെ ആശ്രയിച്ചുളള ക്യഷിക്ക്, ജൂണ്‍ മാസത്തില്‍ വിത്ത് വിതയ്ക്കാം.ക്യത്യമായി പറഞ്ഞാല്‍ ജൂണിലെ ആദ്യ ആഴ്ചയ്ക്ക് ശേഷം. ഒരു സെന്റ് സ്ഥലത്ത് കൃഷിയിറക്കുന്നതിന് വള്ളിപ്പയര്‍ 16 ഗ്രാമും കുറ്റിപ്പയര്‍ 60 ഗ്രാമും മതി. വള്ളിപ്പയര്‍ നടുമ്പോള്‍ രണ്ട് മീറ്റര്‍ ഉയരത്തില്‍ പന്തല്‍ കെട്ടിക്കൊടുക്കണം. കിളച്ച് നിരപ്പാക്കി കുമ്മായവും അടിവളവും നല്‍കി തയ്യാറാക്കിയ മണ്ണില്‍ നേരിട്ട് വിത്ത് നടാവുന്നതാണ്. തലേദിവസം കുതിര്‍ത്ത വിത്താണ് നടാന്‍ ഉപയോഗിക്കുന്നത്. പയര്‍ വിത്തില്‍ റൈസോബിയം കള്‍ച്ചറും കുമ്മായവും പുരട്ടുന്നത് വളരെ നല്ലതാണ്

അത്യാവശ്യത്തിനും മാത്രം വെളളം ഉപയോഗിച്ച് കള്‍ച്ചര്‍, വിത്തുമായി ഒരോ പോലെ നന്നായി പുരട്ടിയെടുക്കുക. (വെറും വെളളത്തിന് പകരം 2.5% അന്നജ ലായനിയോ തലേ ദിവസത്തെ കഞ്ഞിവെളളമോ ആയാലും മതി. ഇവയാകുമ്പോള്‍ കള്‍ച്ചര്‍ വിത്തുമായി നന്നായി ഒട്ടിപ്പിടിക്കുകയും ചെയ്യും.). ഇങ്ങനെ പുരട്ടുമ്പോഴും വിത്തിന്റെ പുറം തോടിന് ക്ഷതം പറ്റാതെ നോക്കണം, കള്‍ച്ചര്‍ പുരട്ടിക്കഴിഞ്ഞ് വിത്ത് വ്യത്തിയുളള ഒരു കടലാസിലോ മറ്റോ നിരത്തി തണലത്ത് ഉണക്കിയിട്ട് ഉടനെ പാകണം. റൈസോബിയം കള്‍ച്ചര്‍ പുരട്ടിയ വിത്ത് ഒരിയ്ക്കലും രാസവളങ്ങളുമായി ഇടകലര്‍ത്താന്‍ പാടില്ല.

വേലികള്‍ പോലെയും പന്തല്‍ കെട്ടിയും കൃഷി ചെയ്യാവുന്നതാണ്.45cm ഉയരത്തില്‍ തടം കോരി 2 അടി   വീതിയില്‍ തടം കോരി

•             5kg ചാണകം

•             5kg ആട്ടിന്‍ കഷ്ടം

•             5kg കോഴി കാഷ്ടം

•             1kg എല്ലുപൊടി

•             2kg ഉപ്പ്  (50 വിത്തുകള്‍ക്ക് )

എന്നിവ നന്നായി കലര്‍ത്തി 2kg ചാരവും ചേര്‍ത്ത് തടം ഒരാഴ്ച്ചത്തേക്ക് നന്നായി നനക്കുക.വിത്തുകള്‍ പാകി പതിനഞ്ചു ദിവസത്തിനു ശേഷം പറിച്ചു നടുക.വേരുകള്‍ പൊട്ടാതെ സൂക്ഷിക്കണം.നാല് ഇല പരുവമാ കുമ്പോള്‍ രണ്ടാം വളപ്രയോഗം.

•             10kg ചാണകം

•             4kg  വേപ്പിന്‍ പിണ്ണാക്ക്

•             1-2kg കടല പിണ്ണാക്ക്

•             1 kg എല്ലുപൊടി

200  ലിറ്റര്‍  വെള്ളത്തില്‍ കലര്‍ത്തി  പുളിപ്പിച്ച്,1ലിറ്റര്‍ മിശ്രിതം:2  ലിറ്റര്‍ വെള്ളം എന്നാ  അനുപാതത്തില്‍  ചുവട്ടില്‍ ഒഴിച്ച് കൊടുക്കുക.5 ദിവസത്തിനു ശേഷം ചാരം നല്കുക.1 തൈയ്ക്ക് 100gm എന്നാ തോതില്‍ 7 ദിവസത്തിന് ശേഷം 1  ലിറ്റര്‍ ജീവമൃതം: 7  ലിറ്റര്‍ എന്ന  തോതില്‍ നേര്‍പ്പിച്ച് നല്കുലക.ഈ കര്‍മ്മം  50 ദിവസം വരെ തുടര്‍ന്ന് പോകുക.     1  ചെടിയില്‍ നിന്ന് 5kg-7kg പയര്‍ വരെ ലഭിക്കും.

എല്ലാ കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന ഒന്നാണ് പയര്‍ (Snake bean). വിഗ്ന അംഗ്വിക്കുലേറ്റ (Vigna unguiculata) എന്നാണ് പയറിന്റെ ശാസ്ത്രീയ നാമം. വള്ളിപ്പയര്‍, കുറ്റിപ്പയര്‍,തടപ്പയര്‍ എന്നിവയാണ് പ്രധാനമായും കേരളത്തില്‍ കൃഷി ചെയ്യുന്നത്.

കീടനിയന്ത്രണം

Insects

കീട നിയന്ത്രണം പയറുചെടിയെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍ കടവാട്ടം, തണ്ടില്‍ പുള്ളിക്കുത്ത്, ഇലവാട്ടം എന്നിവയാണ്.കൃഷി ചെയ്യുന്നതിനു മുമ്പ് ആ സ്ഥലത്ത് പാഴ്‌വസ്തുക്കള്‍ കൂട്ടിയിട്ട് തീ കത്തിക്കുന്നതുവഴി ജൈവ കീടരോഗം നിയന്ത്രിക്കാം. പയറിലുണ്ടാകുന്ന ചാഴി, പുഴു, മുഞ്ഞ, കായ്തുരപ്പന്‍ പുഴു എന്നിവയ്‌ക്കെതിരെ വേപ്പിന്‍കുരു മിശ്രിതം, പുകയിലക്കഷായം എന്നിവ നല്‍കാം. കായ്തുരപ്പന്‍ പുഴുക്കള്‍: തോട്ടം വൃത്തിയാക്കുക, കീടബാധയേറ്റ കായ്കള്‍ പറിച്ച് നശിപ്പിക്കുക

മുഞ്ഞ/ പയര്‍പേന്‍

പയര്‍ കൃഷിചെയ്യുന്നവരുടെ ഒരു പ്രധാന പ്രശ്‌നമാണ് മുഞ്ഞ/ പയര്‍പേന്‍. പയറിന്റെ ഇളംതണ്ടുകളിലും പൂവിലും ഞെട്ടിലും കായിലും കൂട്ടംകൂട്ടമായി പറ്റിപ്പിടിച്ചിരുന്ന് നീരൂറ്റിക്കുടിക്കുകയാണ് ഇവ ചെയ്യുന്നത്. പയര്‍ചെടികളില്‍ കറുത്തനിറത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഈ കീടങ്ങള്‍ കുറഞ്ഞ കാലംകൊണ്ട് വംശവര്‍ധന നടത്തുന്നതിന് കഴിവുള്ളവയാണ്. ഇവയുടെ ആക്രമണംമൂലം പയര്‍ചെടികളിലെ പൂ കൊഴിയുകയും കായ്കള്‍ ഉണങ്ങി കേടുവന്ന് പോകുകയും ചെയ്യുന്നു.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

ഇവയെ നിയന്ത്രിക്കുന്നതിനായി ആദ്യമായി കഞ്ഞിവെള്ളം നേര്‍പ്പിച്ച്‌ചെടിയില്‍ നന്നായി തളിച്ചു കൊടുക്കുക. തളിച്ച കഞ്ഞിവെള്ളം ഉണങ്ങിക്കഴിയുമ്പോള്‍ കഞ്ഞിവെള്ളപാട തട്ടിക്കളഞ്ഞശേഷം വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം തളിക്കണം. ഈ മിശ്രിതത്തിനുപുറമേ നാറ്റപ്പൂച്ചെടിസോപ്പ് മിശ്രിതവും വളരെ ഫലപ്രദമാണ്. പയറിലെ മുഞ്ഞയെ നിയന്ത്രിക്കുന്നതിനായി ഫ്യൂസേറിയം പാലിഡോറൈസിയം എന്ന കുമിള്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നു. തവിടില്‍ വളര്‍ത്തിയ കുമിളിനെ വെള്ളത്തില്‍ കലക്കി അരിച്ചെടുത്ത് തളിക്കാവുന്നതാണ്. 300 ഗ്രാം തവിടില്‍ വളര്‍ത്തിയ ഫ്യൂസേറിയം രണ്ടു ലിറ്റര്‍ വെള്ളത്തില്‍ കലക്കി അരിച്ചെടുത്ത് പയറില്‍ തളിക്കുന്നത് ഫലപ്രദമാണ്.കീടത്തിന്റെ കോളനികള്‍ കാണുന്ന സസ്യഭാഗങ്ങള്‍ പറിച്ച് നശിപ്പിക്കുക. 10 % വീര്യമുള്ള വേപ്പെണ്ണ എമല്‍ഷന്‍ അല്ലെങ്കില്‍ നാറ്റപൂച്ചെടി സോപ്പ് മിശ്രിതം തളിക്കുക. 

ചിത്രകീടം

വള്ളിപ്പയറില്‍ ചിത്രകീടത്തിന്റെ ആക്രമണം സാധാരണയായി വര്‍ധിച്ചതോതില്‍ കണ്ടുവരുന്നു. പെണ്ണീച്ച ഇലപ്പരപ്പില്‍ മുറിവുണ്ടാക്കി മുട്ടയിടുന്നു. മുട്ടവിരിഞ്ഞിറങ്ങുന്ന പുഴു ഇലഞരമ്പുകള്‍ക്കിടയില്‍ ഉള്‍ഭാഗം തുരന്നു തിന്നു നശിപ്പിക്കുന്നു. പുഴുക്കള്‍ ഇലകളി െകോശങ്ങള്‍ തിന്നുനശിപ്പിക്കുന്നതിനനുസരിച്ച് വെളുത്തപാടുകള്‍ ഇലകളില്‍ കാണുന്നു. കേടുബാധിച്ച ഇലകള്‍ കരിഞ്ഞുണങ്ങി നശിച്ചുപോകുന്നു. തിന്നുനശിപ്പിക്കുന്ന പുഴുക്കള്‍ ഇലയുടെ ഉള്‍ഭാഗത്ത് കാണുന്നതിനാല്‍ കീടനിയന്ത്രണം ദുഷ്കരമാണ്.

നിയന്ത്രണമാര്‍ഗം

ഇവയെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കീടബാധയുള്ള ഇലകള്‍ നശിപ്പിച്ചുകളയേണ്ടതാണ്. കൂടാതെ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം തളിക്കുകയും മണ്ണില്‍ കൂടുതലായി വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്തു കൊടുക്കുകയും വേണം.

കായ്തുരപ്പന്‍പുഴു/ ഇലതീനിപ്പുഴു

പയറില്‍ നിരവധി കായ്തുരപ്പന്‍ പുഴുക്കള്‍ കണ്ടുവരുന്നു. ഈച്ചയുടെ പുഴുക്കള്‍, ചിത്രശലഭങ്ങളുടെ പുഴുക്കള്‍ തുടങ്ങിയവയെ ഈ ഗണത്തില്‍ കണ്ടുവരുന്നു. പലപ്പോഴും പയര്‍ പൂവിടുമ്പോള്‍ തന്നെ പൂവില്‍ മുട്ടകളിട്ടുവയ്ക്കുന്ന ഈ പ്രാണികള്‍ പയര്‍ വളരുന്നതോടൊപ്പം വളര്‍ന്നുവരുന്നു. തുടര്‍ന്ന് പയറിലെ മാംസളമായ ഭാഗങ്ങള്‍ തിന്നുനശിപ്പിച്ച് പയറിനെ ഭക്ഷ്യയോഗ്യമല്ലാതാക്കുന്നു.

നിയന്ത്രണമാര്‍ഗം

ഇവയെ നിയന്ത്രിക്കുന്നതിനായി കാന്താരിമുളക്-ഗോമൂത്ര മിശ്രിതം തളിക്കാവുന്നതാണ്. കൂടാതെ ആക്രമണം ഉണ്ടായ കായ്കള്‍ പറിച്ചടുത്ത് കളയണം. തോട്ടത്തില്‍ കൊഴിഞ്ഞുവീഴുന്ന പൂക്കളും കായ്കളും നശിപ്പിച്ചുകളയണം. ചിത്രശലഭങ്ങളെയും നിശാശലഭങ്ങളെയും ഈച്ചകളെയും നിയന്ത്രിക്കുന്നതിന് വിവിധ വിളക്കുകെണികള്‍ ഉപയോഗിക്കാവുന്നതാണ്

 

ചുവട് വീക്കം: വിത്ത് തടം ചവറ് കൂട്ടി ചുടുക. 1 കിലോ വിത്തിന് 2 ഗ്രാം ബാവിസ്റ്റിന്‍ ചേര്‍ത്ത് ഒരു ദിവസം കഴിഞ്ഞ് വിതയ്ക്കുക.

മൊസയ്ക്ക്: 10 % വീര്യമുള്ള വേപ്പെണ്ണ എമല്‍ഷന്‍ ഉപയോഗിക്കുക. ജൈവ കീടരോഗ നിയന്ത്രണം ജൈവ കീടരോഗ നിയന്ത്രണത്തിന് ഉപയോഗിക്കാവുന്ന ഒന്നാണ് പുകയിലക്കഷായം. അര കിലോ പുകയിലയോ പുകയിലഞെട്ടോ ചെറുതായി അരിഞ്ഞ് നാലര ലിറ്റര്‍ വെള്ളത്തില്‍ ഒരു ദിവസം മുക്കിവച്ചശേഷം ചണ്ടി പിഴിഞ്ഞ് മാറ്റുക. 120 ഗ്രാം ബാര്‍സോപ്പ് അരലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ഈ ലായനിയുമായി ചേര്‍ത്ത് ഇളക്കുക. ഇപ്രകാരം തയ്യാറാക്കിയ പുകയിലക്കഷായം ഏഴിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് തളിച്ചാല്‍ ഏഫിഡുകള്‍, മുഞ്ഞ, മിലി മൂട്ട എന്നീ മൃദുശരീരമുള്ള കീടങ്ങളെ നിയന്ത്രിക്കാം

 

ചില പൊടിക്കൈകള്‍/നാട്ടറിവുകള്‍

പയറിനു കുമിള്‍ രോഗങ്ങളും പുഴുക്കളുടെ ആക്രമണവും തടയാന്‍ കഞ്ഞി  വെള്ളത്തില്‍ ചാരം ചേര്‍ത്ത് തളിക്കണം

Malayalam
-->