നാരകം

Lemon

പുതിയ ഇനം ഫലവര്‍ഗ ചെടികളുടെ കടന്നുവരവോടെ നമ്മുടെ തൊടികളില്‍നിന്ന്‌ അന്യമായി മറഞ്ഞുപോയ നാടന്‍ചെടിയാണ്‌ ഒടിച്ചുകുത്തി നാരകം. ഇവയുടെ കമ്പുകള്‍ മുറിച്ചു മണ്ണില്‍ നട്ടാല്‍ വേരുകള്‍ പിടിച്ച്‌ പുതിയൊരു സസ്യമായി സ്വഭാവികമായി വളരുന്നതിനാലാണ്‌ ഈ പേര്‌ ലഭിച്ചത്‌.
ചെറുവൃക്ഷമായി പടര്‍ന്നു പന്തലിച്ച്‌ താഴേക്ക്‌ ഒതുങ്ങിയ ശാഖകളോടെ വളരുന്ന ഇവയുടെ തണ്ടില്‍ ചെറുമുള്ളുകളും കാണാം. ശാഖാഗ്രങ്ങളില്‍ കുലകളായുണ്ടാകുന്ന വെള്ളപ്പൂക്കള്‍ക്ക്‌ നേര്‍ത്ത ഗന്ധവുമുണ്ടാകും. കായ്‌കള്‍ ചെറുതാണ്‌. പച്ചനിറമാര്‍ന്ന ഇളം നാരങ്ങകള്‍ പഴുക്കുമ്പോള്‍ മഞ്ഞനിറമാകും. ഒടിച്ചുകുത്തി നാരങ്ങയുടെ നീരെടുത്ത്‌ വെള്ളവും പഞ്ചസാരയും ചേര്‍ത്ത്‌ ദാഹശമനിയായി ഉപയോഗിക്കാം. ഇവ അച്ചാറിനും ഉപയോഗിക്കാം. ഇരുമ്പ്‌, മാംസ്യം, അന്നജം, ജീവകങ്ങള്‍ എന്നിവ അടങ്ങിയ നാരാങ്ങാനീര്‌ ദഹനത്തെ സഹായിക്കുകയും വിരശല്യം, ചുമ തുടങ്ങിയ രോഗങ്ങളെ ശമിപ്പിക്കുകയും ചെയ്യും. ചാണകം, ചകിരിച്ചോറ്‌, മണല്‍ എന്നിവ ചേര്‍ത്തിളക്കിയ മിശ്രിതം കൂടകളിലോ ചെറുചട്ടികളിലോ നിറച്ച്‌ ഇടത്തരം മൂപ്പെത്തിയ ഒടിച്ചുകുത്തി നാരകക്കമ്പുകള്‍ നട്ടുനനച്ചാല്‍ പെട്ടെന്നുതന്നെ കിളിര്‍ത്തു തുടങ്ങും. ഈ ചെടികള്‍ മഴക്കാലാരംഭത്തില്‍ തോട്ടത്തിലേക്കോ വലിയ ചെടിച്ചട്ടികളിലേക്കോ മാറ്റി നടാം. മട്ടുപ്പാവില്‍ കൃഷി ചെയ്യുന്നവര്‍ ഒടിച്ചുകുത്തി നാരകത്തിനും സ്‌ഥാനം നല്‍കിയാല്‍ അതിഥികള്‍ എത്തുമ്പോള്‍ 'ഫാം ഫ്രഷ്‌' ശീതളപാനീയം നല്‍കാനാവും.
ഏതുതരം മണ്ണിലും കാര്യമായ പരിചരണം ആവശ്യമില്ലാത്ത ഒടിച്ചുകുത്തി നാരകം സീസണില്ലാതെ സമൃദ്ധമായി ഫലങ്ങള്‍ നല്‍കും

Malayalam
-->