വാഴ കൃഷിയിലെ ചില നാട്ടറിവുകള്‍

Banana

വാഴയുടെ വേരു പടലം ഉപരിതലത്തോട് ചേര്‍ന്നിരിക്കുന്നതിനാല്‍ ആഴത്തില്‍ വളം ഇട്ടാല്‍ പ്രയോജനം കിട്ടുകയില്ല.

വാഴച്ചുണ്ട് പൂര്‍ണ്ണമായും വിരിഞ്ഞതിനു ശേഷം കുടപ്പന്‍ ഒടിച്ചു കളയുക. കായകള്‍ നല്ല പുഷ്ടിമയോടെ വളരുന്നു വേഗത്തില്‍ അവ മൂപ്പെത്തുന്നു.

നേന്ത്ര വാഴകള്‍ ഒരേ കാലത്ത് കുലക്കാനായി ഒരേ പ്രായമുള്ള കന്നുകള്‍ ഉപയോഗിക്കണം.

നേന്ത്രവാഴയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ള വളങ്ങള്‍ ഏതാണ്ട് ഒരേഇടവേളകളില്‍ ആറു പ്രാവശ്യമായി നല്‍കിയാല്‍ നല്ല വലിപ്പമുള്ള കുലകള്‍ ലഭിക്കും.

വാഴയുടെ കുറുനാമ്പ് രോഗത്തിന് തൈര് ഫലപ്രദമായ ഒരു പ്രതിവിധിയാണ്. കുറുനാമ്പ് പറ്റെ മുറിച്ചു കളഞ്ഞതിനു ശേഷം തൈര്‍ ഒഴിക്കുക. രോഗ ശമനം ഉണ്ടാകും.

കുറുനാമ്പു രോഗത്തിന് മറ്റൊരു പ്രതിവിധി കുറു നാമ്പു മുറിച്ചുകളഞ്ഞതിനു ശേഷം തലപ്പില്‍ ഗോ മൂത്രം ഒഴിക്കുക. ഏതാനും ദിവസങ്ങള്‍ ചികിത്സ ആവര്‍ത്തിക്കുക രോഗം മാറും.

നടുന്നതിനു മുമ്പ് വാഴക്കന്ന് ചാണക്കുഴമ്പില്‍ മുക്കി തണലില്‍ വച്ച് ഉണക്കിയെടുക്കുക. മാമപ്പുഴുവിന്റെ ആക്രമണം കുറയും.

വഴക്കൂമ്പും അവസാന പടലയും വെട്ടിക്കളയുക. മറ്റുള്ള പടലകള്‍ പുഷ്ടിയോടെ വളരും മെച്ചപ്പെട്ട തൂക്കവും കിട്ടും.

മുള്ളന്‍ പായല്‍ വാഴക്കൃഷിക്ക് വളരെ പറ്റിയ ഒരു ജൈവവളമാണ്.

വാഴകുലച്ച് പടല വിരിഞ്ഞ കഴിഞ്ഞ് കുടപ്പന്‍ ഒടിക്കുന്നതോടൊപ്പം ഉപ്പും ചാരവും യോജിപ്പിച്ച് ഒടിച്ച പാടില്‍ വച്ചു കെട്ടുക. കായ്കള്‍ക്ക് ദൃഢതയും മുഴുപ്പും കൂടും.

വാഴക്ക് അഞ്ചു മാസത്തിനു ശേഷം ചെയ്യുന്ന വളപ്രയോഗം മൂലം ഒരു പടല കായ് പോലും കൂടുതലായി ഉണ്ടാവുകയില്ല

നേന്ത്രവാഴയില്‍ കുലക്കൂമ്പു വരെ കന്നുകള്‍ വളരാന്‍ അനുവദിക്കരുത് എങ്കില്‍ കുലയില്‍കായ്മേനി ആറു പടലയും ആകെ അമ്പതോ അറുപതോ കായ്കളും ഉണ്ടാകും.

കന്നിന്റെ ചെരിവിന് എതിരായിട്ടാണ് വാഴയുടെ കുല വരിക. ചെരിവു ഭൂമിയില്‍ വാഴ കൃഷി ചെയ്യുമ്പോള്‍ കുല ഉയര്‍ന്ന ഭാഗത്തു കിട്ടാന്‍ കന്നിന്റെ ചെരിവ് താഴേക്ക് ആക്കണം

ഇലുമ്പന്‍ ( ചിലുമ്പി) പുളിയുടെ ഒരു പിടി ഇല കൂടി ഇട്ട് വാഴക്കുല വെച്ചാല്‍ വേഗം പഴുത്തു കിട്ടും.

വാഴക്കായ് വേഗം പഴുക്കുന്നതിന് കുലയ്ക്കൊപ്പം കൂനന്‍ പാലയുടെ ഇല കൂടെ വയ്ക്കുക.

വാഴക്കുലയുടെ കാളമുണ്ടനില്‍ ഉപ്പുകല്ലുവച്ചാല്‍ എല്ലാ കായും ഒന്നിച്ചു പഴുക്കും.

വാഴക്കുല വേഗം പഴുക്കാന്‍ തടിപ്പെട്ടിയില്‍ കുല വച്ച് സാമ്പ്രാണിയും കത്തിച്ചുവച്ച് അടക്കുക ഗ്രാന്റ് നെയിന്‍ വാഴക്കുല പഴുത്തതിനു ശേഷം മുപ്പതു ദിവസം വരെ കേടു കൂടാതെ ഇരിക്കും

ഒരു തവണ ചീരക്കൃഷി ചെയ്ത ശേഷം വാഴക്കൃഷി നടത്തിയാല്‍ വാഴക്ക് കരുത്തും കുലക്ക് തൂക്കവും കൂടും.

നേന്ത്രവാഴയും മരച്ചീനിയും ചേര്‍ന്ന സമ്മിശ്ര കൃഷി വളരെ ആദായകരമാണ്.

വാഴക്കിടയില്‍ കാച്ചില്‍ വളര്‍ത്തിയാല്‍ വാഴ തന്നെ താങ്ങു മരമായി ഉപയോഗിക്കാം. പാളയന്‍ തോടന്‍ തുടര്‍കൃഷിയില്‍ ഒരു മൂട്ടില്‍ രണ്ടു കന്നുകള്‍‍ നിര്‍ത്താം.

ഞാലിപ്പൂവന്‍, കൊടപ്പനില്ലാക്കുന്നന്‍, കര്‍പ്പൂരവള്ളി, കാഞ്ചികേല, തുടങ്ങിയ വാഴയിനങ്ങള്‍ക്ക് ഒരു വലിയ പരിധി വരെ കുറുനാമ്പ് പ്രതിരോധ ശക്തി ഉണ്ട്.

വാഴപ്പഴങ്ങളുടെ കൂട്ടത്തില്‍ രക്തകദളി ഇനത്തിനാണ് പഞ്ചസാരയുടെ അളവ് ഏറ്റവും കൂടുതലുള്ളത്.

വാഴ നട്ടു കഴിഞ്ഞാല്‍ രണ്ടാം മാസത്തിലും നാലാം മാസത്തിലും വളം ചെയ്യണം പിന്നീട് വളപ്രയോഗം ആവശ്യമില്ല.

താഴെ വെള്ളവും മുകളില്‍ തീയും ഉണ്ടെങ്കില്‍ മാത്രമേ നല്ല വാഴക്കുലകള്‍ ലഭിക്കു.

രണ്ട് വര്‍ഷത്തിലേറെ ഒരേ സ്ഥലത്ത് കൃഷി ചെയ്യുന്ന പക്ഷം വളം ഇരട്ടിയാക്കണം.

ഗ്രാന്റ് നെയ്ന്‍ വാഴകള്‍ക്ക് ഉയരം തീരെ കുറവായതിനാല്‍ കാറ്റിന്റെ രൂക്ഷത മൂലം ഒടിഞ്ഞു വീഴുവാനുള്ള സാധ്യത കുറവാണ്.

ഗ്രാന്റ് നെയ്ന്‍ വാഴ നട്ട് 9 മാസത്തിനകം വിളവെടുക്കാം. കുലകള്‍ക്ക് നല്ല തൂക്കമുള്ളതിനാല്‍ പകുതി മൂപ്പാകുന്നതിനു മുമ്പു തന്നെ താങ്ങ് കൊടുക്കണം.

ഒരേ കുഴിയില്‍ രണ്ടു വാഴ നടുന്ന രീതിയില്‍ കൂടുതല്‍ വിളവും ലാഭവും കിട്ടുന്നു.

ഉപയോഗശൂന്യമായിപ്പോകുന്ന വൈക്കോല്‍ വാഴത്തടങ്ങളില്‍ നിരത്തിയാല്‍ നനകള്‍ക്കിടയിലുള്ള സമയം കൂട്ടാം. വെള്ളം ലാഭിക്കുകയും ചെയ്യാം.

വാഴയുടെ പനാമാ‍വില്‍റ്റ് എന്ന രോഗത്തിന് പഞ്ചഗവ്യം വളരെ ഫലപ്രദമാണ്.

വാഴക്കന്നുകള്‍ നടുന്നതിനു മുമ്പ് ഒന്നര - രണ്ട് മിനിറ്റ് തിളച്ച വെള്ളത്തില്‍ മുക്കി എടുക്കുക. പിന്നെ വെയിലത്തു വച്ച് ഉണക്കിയ ശേഷം നടുക. ശരിയായി വളം ചെയ്യുക. കുറുനാമ്പ് രോഗം ഉണ്ടാവുകയില്ല.

നന്നായി പഴുത്ത നേന്ത്രപ്പഴം വെയിലത്തുണക്കിയാല്‍ പഴത്തിന്റെ തൊലി ഇളകിപ്പോകും. തൊലി മാറ്റി വീണ്ടും ഉണക്കുക. ജലാംശം നീക്കിയ ശേഷം തേനിലോ പഞ്ചസാരയിലോ സൂക്ഷിക്കുക. വര്‍ഷങ്ങള്‍ കേടു കൂടാതിരിക്കും.

വാഴക്കായ് പഴുക്കുന്ന നേരത്ത് എതിലിന്‍ വാതകമുണ്ടാകുന്നു. ഇത് പഴുക്കല്‍ പ്രക്രിയയെ ത്വരിതപ്പെടുത്തുന്നു. വാഴപ്പഴത്തിന്റെ കൂടെ മറ്റു പഴങ്ങള്‍ ഇട്ടാല്‍ ഈ വാതകം അവ പഴുക്കാനും സഹായിക്കുന്നതാണ്.

2, 4 - ഡീ എന്ന ഹോര്‍മോണ്‍ 15 പി. പി. എം എന്ന അളവില്‍ തയ്യാറാക്കി , വാഴ കുലച്ച് അവസാനത്തെ പടലയും വിരിഞ്ഞ് 20 ദിവസത്തിനു ശേഷം വാഴക്കുലയില്‍ തളിക്കുക. കുലയുടെ തൂക്കം ഗണ്യമായി കൂടും.

കപ്പവാഴയിനങ്ങള്‍ നേന്ത്രനേക്കാള്‍ ഉയരത്തില്‍ വളരുന്നതാണ്. തന്മൂലം ശക്തിയേറിയ കാറ്റു വീശുമ്പോള്‍ വാഴ മറിഞ്ഞ് വീഴാനിടയുണ്ട്. അതൊഴിവാക്കാന്‍ കുലക്കുന്നതിനു മുമ്പു തന്നെ ബലമുള്ള താങ്ങുകള്‍ കൊടുക്കുക.

ദിവസേന വാഴയിലയില്‍ ആഹാരം കഴിക്കുക കണ്ണിന്റെ കാഴ്ച ശക്തി വര്‍ദ്ധിക്കും.

നേന്ത്രവാഴയുടെ ഏറ്റവും വലിയ ഭീക്ഷണി കുലച്ച് കഴിഞ്ഞ് പലപ്പോഴും വാഴകള്‍ ഒടിഞ്ഞു പോകുന്നതാണ് . ഇതൊഴിവാക്കാന്‍ കഴകള്‍ ഉപയോഗിച്ച് ഊന്നു കൊടുക്കാറുണ്ട്. സാധാരണയായി 14 അടി നീളമുള്ള ഊന്ന് വാഴയോടു ചേര്‍ത്തു കെട്ടുന്ന രീതിയാണ് പതിവായി ചെയ്യുക ഇതിന് ചിലവേറും. എന്നാല്‍ നീളം കുറഞ്ഞ കഴകള്‍ ഉപയോഗിച്ച് ഊന്നു നല്‍കാം. വാഴക്കുലത്തണ്ടിന്റെ തൊട്ടു താഴെ , ഇരു പാര്‍ശങ്ങളിലുമായി നാലടി മാത്രം നീളമുള്ള മരക്കഷണങ്ങള്‍ വച്ചു കെട്ടി ബലപ്പെടുത്തുകയാണ് ചിലവു കുറഞ്ഞ രീതി.

ഏതാണ്ട് കുല വെട്ടാറാകുന്ന സമയത്തോടടുപ്പിച്ചാണ് ടിഷ്യു കള്‍ച്ചര്‍ വാഴകളില്‍ മാണം പൂര്‍ണ്ണ വളര്‍ച്ചയെത്തുന്നത്. അതിനാല്‍ അതിനുള്ളില്‍ പ്രാണികള്‍ കടന്നുകൂടി പെരുകുന്നതിനു മുമ്പ് ഒരു കുറ്റി വിളവ് കൂടി എടുക്കാന്‍ കഴിയുന്നു.

ടിഷ്യു കള്‍ച്ചര്‍ വാഴ നട്ടാല്‍ ആദ്യകുറ്റി വിള 14- 15 മാസങ്ങള്‍ക്കുള്ളില്‍ എടുക്കാം. അതായത് ഏറെ കൃഷിപ്പണികള്‍ കൂടാതെ ഒരു വാഴക്കുല കൂടി നാലഞ്ച് മാസത്തിനകം കിട്ടും.

വാഴക്കന്നും ടിഷ്യുകള്‍ച്ചര്‍ വാഴത്തൈയും ഒരേ സമയം നട്ടാല്‍ രണ്ടു മാസം കഴിയുമ്പോള്‍ വളര്‍ന്ന് ഒരേ പോലെ ആയിരിക്കും. അതിനു കാരണം ടിഷ്യു കള്‍ച്ചര്‍ വാഴയുടെ വളര്‍ച്ചയുടെ തോത് വാഴക്കന്നിന്റേതിനേക്കാള്‍ കൂടുതലാണ് എന്നുള്ളതാണ്.

വാഴക്കന്നുകളുടെ മാണത്തില്‍ ധാരാളം ആഹാരം ശേഖരിച്ചിട്ടുള്ളതു കൊണ്ട് അവയില്‍ നിന്നും വേരു പൊട്ടുന്നത് സാവധാനത്തിലാണ്. എന്നാല്‍ ടിഷ്യു കള്‍ച്ചര്‍ വാഴകള്‍ക്ക് വേരുകളെ മാത്രം ആശ്രയിക്കേണ്ടിയിരുന്നതിനാല്‍ വേരുപടലം വേഗം വ്യാപിച്ച് വെള്ളവും പോഷക മൂല്യങ്ങളും വലിച്ചെടുത്തു തുടങ്ങുന്നു.

വാഴ കൃഷിയെപ്പറ്റി കൂടുതല്‍ അറിയുവാന്‍.... http://goo.gl/bgE0d1 സന്ദര്‍ശിക്കുക

Malayalam
-->