മുരിങ്ങ

മുരിങ്ങ

 

ഏതു മാര്‍ക്കറ്റിലും തനിമ നഷ്ടപ്പെടുത്താതെ വേറിട്ടുനില്‍ക്കുന്ന പച്ചക്കറിയാണ് മുരിങ്ങ. കിലോഗ്രാമിന് 250 രൂപവരെ വില ഉയരുന്നതും മുരിങ്ങക്കായുടെ മാത്രം പ്രത്യേകത. പ്രാചീന സംസ്‌കൃത ഗ്രന്ഥങ്ങളില്‍ 'ശ്രിശു' എന്നറിയപ്പെടുന്ന മുരിങ്ങ പാശ്ചാത്യനാടുകളില്‍ എത്തുമ്പോള്‍ ഡ്രംസ്റ്റിക് ആകുന്നു. നമ്മുടെ നാട്ടില്‍ ജനിച്ച് മറ്റു രാജ്യങ്ങളിലേക്ക് വേരോടി വളര്‍ന്ന ചരിത്രം മുരിങ്ങയ്ക്ക് സ്വന്തം.

ഇനങ്ങള്‍

ജാഫ്ന, നാടന്‍, ഒരാണ്ടന്‍, ചാവകച്ചേരി, ചെമ്മുരിങ്ങ, PKM-1, PKM-2

അധികം വിളവു തരുന്ന ഒരു ഇനമാണ് ജാഫ്ന . സ്വാദുള്ള മൃദുലമായ ഈ ഇനത്തിന് ഏകദേശം 90 സെ.മീ നീളം കാണും . ചാവകച്ചേരി മുരിങ്ങ 90-120 സെ.മീ. വരെ നീളമുള്ളതാണ്. ചെമ്മുരിങ്ങ വര്‍ഷം മുഴുവന്‍ പൂക്കുന്ന, കായുടെ അറ്റത്ത് ചുവപ്പ് നിറമുള്ള ഇനമാണ്. PKM-1, PKM-2 എന്നിവ നല്ല വിളവ് നല്‍കുന്ന ഇനങ്ങളാണ് . വിത്ത്‌ നട്ട് ഒന്നാം വര്‍ഷം തന്നെ കായ്ക്കുന്ന ഒരാണ്ടന്‍ മുരിങ്ങയും ഇപ്പോള്‍ സര്‍വ്വസാധാരണമാണ്

 ഔഷധഗുണം 

കാരറ്റിന്റെ നാലിരട്ടി ജീവകം എ-യും പാലിന്റെ മൂന്നിരട്ടി കാത്സ്യവും നേന്ത്രക്കായുടെ മൂന്നിരട്ടി പൊട്ടാസ്യവും തൈരിന്റെ ഇരട്ടി മാംസ്യവും ഓറഞ്ചിന്റെ എട്ടിരട്ടി ജീവകം സി-യുമുള്ളതാണ് മുരിങ്ങയിലയുടെ മൂലധനം. മുരിങ്ങയിലയും മുരിങ്ങക്കായയും ഒരുപോലെ ഔഷധഗുണം നിറഞ്ഞതാണ്. പ്രോട്ടീനും മാംസ്യവും മാത്രമല്ല, പതിനാറിനം പോഷകങ്ങളാലും സമ്പന്നമാണ് മുരിങ്ങ. പോഷകങ്ങളുടെ തോതില്‍ മുരിങ്ങയിലതന്നെയാണ് കേമന്‍.ഒരു പിടി മുരിങ്ങയില കുറച്ച് വെള്ളത്തിലിട്ട് വേവിച്ച് പിഴിഞ്ഞെടുക്കുന്ന സത്തില്‍ ഒരു നുള്ള് ഉപ്പും നാരങ്ങാനീരും ചേര്‍ത്ത് തയ്യാറാക്കുന്ന മുരിങ്ങയില സൂപ്പ് ദിവസവും കഴിച്ചാല്‍ ഇന്ന് കാണുന്ന എല്ലാവിധ ജീവിതശൈലീരോഗങ്ങള്‍ക്കുമുള്ള പ്രതിരോധമായി മുരിങ്ങയിലയുടെ നീര്‌ ശക്തമായൊരു ഔഷധമാണ്‌. തുണിയില്‍ അരിച്ച മുരിങ്ങയിലച്ചാര്‍ (അച്ചാറല്ല, ഇലയുടെ നീരാണേ ചാറെന്നാല്‍) ഭക്ഷണത്തിനു അരമണിക്കൂര്‍ മുന്നേ അര ഔണ്‍സ്‌ വീതം ഒരാഴ്ച്ച കുടിച്ചാല്‍ രക്താതിസമ്മര്‍ദ്ദം hypertension പമ്പകടക്കും.

2 വയസ്സുമുതല്‍ക്കുള്ള കുട്ടികള്‍ക്ക്‌ ഈ ചാറ്‌ ഉള്ളിലുള്ള പഴുപ്പുകള്‍ക്ക്‌ നല്ലതാണ്‌. ഇതിലെ കാത്സ്യവും ഇരുമ്പും വിറ്റാമിനുകളും കുഞ്ഞുങ്ങളുടെ അസ്തിവളര്‍ച്ചക്കു വലിയ ഗുണം ചെയ്യും. കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ ഇത്‌ രക്തശുദ്ധിവര്‍ദ്ധിപ്പിക്കുന്നു.

മുരിങ്ങയില സൂപ്പ്‌ (ഇല വെള്ളത്തില്‍ തിളപ്പിച്ചു വേവിച്ച്‌ ഉപ്പും കുരുമുളകും ചേര്‍ത്തുണ്ടാക്കി വാങ്ങിയശേഷം നാരങ്ങ നീരു ചേര്‍ത്താല്‍ മാത്രം മതി) കഴിച്ചാല്‍ ശ്വാസകോശ രോഗങ്ങള്‍ക്ക്‌- ബ്രോങ്കൈറ്റിസും ആസ്ത്‌മയുമടക്കമുള്ള അസുഖങ്ങള്‍ക്കെല്ലാം- ആശ്വാസം കിട്ടും.

കാരറ്റും ചെറുവെള്ളരിക്കയും ജ്യൂസാക്കി അതില്‍ ഒരു ടേബിള്‍ സ്പൂണ്‍ മുരിങ്ങയില നീര്‌ ചേര്‍ത്ത്‌ രാവിലേ ഭക്ഷണത്തിനു ഒരു മണിക്കൂര്‍ മുന്നേ കുടിച്ചാല്‍ മൂത്രമൊഴിക്കുമ്പോള്‍ ഉള്ള നീറ്റല്‍ (urine acidity), സ്ത്രീകളുടെ വെള്ളപോക്കിനും (leucorrhea) ഉടന്‍ ശമനം കിട്ടും.

ആഹാരവും മരുന്നും കഴിഞ്ഞു ഇനി മേക്കപ്പ്‌ ഇടാം? കൂടാതെ മുരിങ്ങയില ഉപയോഗിച്ച് അസ്സല ഫേസ്പാക്ക് ഉണ്ടാക്കാം

ആയുർവേദം

അഷ്ടാംഗഹൃദയം മുരിങ്ങയിലക്കറികള്‍ സ്ത്രീകള്‍ക്ക്‌ സ്തനപുഷ്ടിയുണ്ടാക്കുമെന്നും, ഉപ്പു ചേര്‍ത്തു അല്‍പ്പം വേവിച്ച്‌ ഇത്തിരി പശുവിന്‍ നെയ്യു ചേര്‍ത്ത്‌ ഞെരടി കഴിക്കുന്നത്‌ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുമെന്നും ,ഭ്രാന്തും ഹിസ്റ്റീരിയയും മൂലം കാട്ടുന്ന അസ്വസ്ഥതകള്‍ കുറയാന്‍ മുരിങ്ങയില നീരു നല്ലതാണെന്നും പറഞ്ഞുതരുന്നു

നടീല്‍രീതി

എല്ലാത്തരം മണ്ണിലും മുരിങ്ങ നന്നായി വളരും. വിത്തോ , മുറിച്ചെടുത്ത തണ്ടുകളോ ആണ് നടീല്‍ വസ്തു.വേനലിലും പ്രതികൂല സാഹചര്യങ്ങളിലും വളരാന്‍ കഴിവുള്ള മുരിങ്ങ നല്ലവണ്ണം വെയില്‍കൊള്ളുന്ന സ്ഥലത്ത് മാത്രമേ നടാവൂ. നട്ട് ആറു മാസത്തിനും ഒരു വര്‍ഷത്തിനുമിടയ്ക്ക് കായ്ക്കുന്ന ഒരാണ്ടന്‍ മുരിങ്ങ വീട്ടുവളപ്പില്‍ നട്ടുവളര്‍ത്താന്‍ പറ്റിയ ഇനമാണ്. കായകള്‍ക്ക് നല്ല നീളവും മുഴുപ്പും മാംസളവുമായ പി.കെ.എം. 1-ഉം 2-ഉം തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത ഇനങ്ങളാണ്. ഒന്നര മാസം പ്രായമായ തൈകള്‍ നടാന്‍ ഉപയോഗിക്കാം. രണ്ടടി നീളവും വീതിയും താഴ്ചയുമുള്ള കുഴിയില്‍ 20 കിലോഗ്രംവരെ ചാണകപ്പൊടിയോ കമ്പോസ്റ്റോ മേല്‍മണ്ണുമായി കലര്‍ത്തി നിറച്ച് തൈ നടണം. മഴക്കാലത്തിനു മുമ്പ് ചെടിക്കുചുറ്റും തടമെടുത്ത് വെള്ളം വാര്‍ന്നുപോകാന്‍ അനുവദിക്കാം.
ഇതു കൂടാതെ പോളിബാഗിൽ നട്ട ശേഷം മണ്ണിൽ മാറ്റി നടാം അതാണ്‌ എവിടെ വിവരിക്കാൻ പോകുന്നത് .
. നാടന്‍ ഇനങ്ങള്‍ കമ്പ് കുത്തിയാണ് വളര്‍ത്തുന്നത് . മുറിച്ചെടുത്ത തണ്ടുകള്‍ക്ക് 1-1.5 മീ നീളവും 15-20 സെ.മീ. വണ്ണവും ഉണ്ടായിരിക്കണം . ഇവ ആദ്യം പോളിബാഗുകളില്‍ നടുകയും പിന്നീട് കിളിര്‍ത്ത ശേഷം പ്രധാന കൃഷിയിടത്തിലേക്ക് മാറ്റി നടുകയും വേണം . ഒരു ഹെക്ടറിലേക്ക് 625 തണ്ടുകള്‍ ആവശ്യമുണ്ട് . ഇവ 4x4 മീ. അകലത്തിലാണ് നടുന്നത്. ആദ്യ ഘട്ടങ്ങളില്‍ നന ആവശ്യമാണ്‌. പോളിബാഗുകളില്‍ അല്ലാതെ നേരിട്ടും മുരിങ്ങ നടാവുന്നതാണ് . ജൂണ്‍-ആഗസ്റ്റ് മാസങ്ങളില്‍ നടുന്നതാണ് ഉത്തമം

വളപ്രയോഗം,പരിചരണവും

നടീലിനുശേഷം കാര്യമായ പരിചരണം നല്‍കാത്തത് ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കും. രണ്ടടിവീതം നീളവും വീതിയും താഴ്ചയുമുള്ള കുഴിയെടുത്ത് , അതില്‍ മേല്‍മണ്ണും 10-20 കി.ഗ്രാം കാലിവളവും ചേര്‍ത്ത് നിറക്കുക . ഈ കുഴികളില്‍ തൈകള്‍ നടുക . മണ്ണില്‍ വളക്കൂറ് കുറവാണെങ്കില്‍ എല്ലുപൊടി , കോഴിവളം,പിണ്ണാക്കുവളങ്ങള്‍ എന്നിവ ഒരു പ്രാവശ്യം 250 ഗ്രാം നിരക്കില്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ നല്‍കാം. 
മുറിച്ചെടുത്ത തണ്ടുകളില്‍ നിന്ന് കിളിര്‍ക്കുന്ന മുരിങ്ങ 6-8 മാസങ്ങള്‍കൊണ്ട് പൂക്കുന്നു . ആദ്യ 2 വര്‍ഷം വിളവ് കുറവായിരിക്കുമെങ്കിലും മൂന്നാം വര്‍ഷം മുതല്‍ ഒരു ചെടി 400 കായ്കള്‍ തരും.

അങ്ങനെയുള്ള പ്രായമായ മരങ്ങളുടെ ശിഖരങ്ങള്‍ അല്പം മുറിച്ചു മാറ്റുന്നതോടെ പുതിയ ശിഖരങ്ങള്‍ ഉണ്ടാകുന്നു . ഇതില്‍ ധാരാളം മുരിങ്ങയും ഉണ്ടാകുന്നു.
പാര്‍ശ്വശാഖകള്‍ കൂടുതലായി ഉണ്ടാകാനും നന്നായി കായ്ക്കാനുമുള്ള എളുപ്പവഴിയാണ് മണ്ട നുള്ളല്‍. ഇലകള്‍ മഞ്ഞളിച്ച് പൊഴിയുന്നത് കണ്ടാല്‍ മാഗ്‌നീഷ്യം സള്‍ഫേറ്റ് ചേര്‍ത്തുകൊടുക്കാം.

കീടങ്ങൾ 


 

ഒരാണ്ടന്‍ മുരിങ്ങയില്‍ വല്ലപ്പോഴും രോമപ്പുഴുക്കളുടെ ആക്രമണം കാണാറുണ്ട്. വീട്ടില്‍ത്തന്നെ തയ്യാറാക്കുന്ന മണ്ണെണ്ണ - സോപ്പ്‌ലായനി തളിച്ച് രോമപ്പുഴുക്കളെ നശിപ്പിക്കാം. ഇതിനായി 50 ഗ്രാം ബാര്‍സോപ്പ് 450 മില്ലിഗ്രാം വെള്ളത്തിലിട്ട് തിളപ്പിച്ച് ലയിപ്പിക്കുക. തണുത്തതിനുശേഷം 900 മില്ലി മണ്ണെണ്ണ ഒഴിച്ച് നന്നായി ഇളക്കിയെടുത്താല്‍ മണ്ണെണ്ണ - സോപ്പ്‌ലായനി തയ്യാര്‍. ഇത് 15 ഇരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചതിനുശേഷം തളിക്കാനുപയോഗിക്കാം. ഒരു മരത്തില്‍നിന്ന് പ്രതിവര്‍ഷം ശരാശരി 15 കിലോഗ്രാം കായകള്‍. ഇതാണ് ഒരാണ്ടന്‍ മുരിങ്ങയുടെ ഉത്പാദനരീതി.

വിളവെടുപ്പ്

കേരളത്തില്‍ മാര്‍ച്ച്-ഏപ്രിലിലും , ജൂലൈ-സെപ്തംബറിലുമായി രണ്ടു തവണ മുരിങ്ങ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു . മൂന്നാം വര്‍ഷം മുതല്‍ ഒരു ചെടിയില്‍ നിന്ന് 400 മുരിങ്ങയ്ക്ക വരെ ലഭിക്കും

 

മുരിങ്ങ വിഭവങ്ങള്‍

മുരിങ്ങയില ചട്നി

ചേരുവകള്‍

 • മുരിങ്ങയില- 20 ഗ്രാം
 • തേങ്ങ- 20 ഗ്രാം
 • പച്ചമാങ്ങ- 10 ഗ്രാം
 • ജീരകം- 10 ഗ്രാം
 • പച്ചമുളക്- 1 (2 ഗ്രാം)
 • ചെറിയ ഉള്ളി- 2 എണ്ണം
 • ഇഞ്ചി(അരിഞ്ഞത്)- 1/4 ടീ സ്പൂണ്‍  
 • ഉപ്പ്- പാകത്തിന്

പാചകരീതി

മുരിങ്ങയില തണ്ടുകളഞ്ഞ് അടര്‍ത്തി എടുത്തു കഴുകുക. അഞ്ചുമിനിറ്റുനേരം ആവിയില്‍ പുഴുങ്ങുക. തേങ്ങാപ്പീര, കൊത്തിയരിഞ്ഞ മാങ്ങ, ഇഞ്ചി, പച്ചമുളക്, ഉള്ളി, ജീരകം, ഉപ്പ് എന്നിവ ആവിയില്‍ വേവിച്ച മുരിങ്ങയില ചേര്‍ത്ത് അരച്ചെടുക്കുക.

 

മുരിങ്ങയില ചപ്പാത്തി

 

ചേരുവകള്‍

 • ഗോതമ്പുപൊടി- 75 ഗ്രാം
 • മുരിങ്ങയില- 30 ഗ്രാം
 • വെള്ളം- 2 ടേബിള്‍ സ്പൂണ്‍
 • ഉപ്പ്- പാകത്തിന്
 • എണ്ണ- 1 ടേബിള്‍ സ്പൂണ്‍

പാചകരീതി

മുരിങ്ങയില ഓരോന്നും തണ്ടുകളഞ്ഞ് അടര്‍ത്തി എടുത്ത് കഴുകിയതനു ശേഷം അഞ്ചു മിനിറ്റ് സമയം ആവിയില്‍ പുഴുങ്ങി വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കുക. അരച്ച മുരിങ്ങയില ഗോതമ്പു  പൊടിയില്‍ ചേര്‍ത്ത് നല്ലവണ്ണം ഇളക്കുക. പാകത്തിനു ഉപ്പും വെള്ളവും ചേര്‍ത്തു കുഴയ്ക്കുക. അഞ്ചുമിനിറ്റു രേം കുഴച്ച ശേഷം നാല് ഉരുളകളാക്കി ഓരോ ഉരുളയും ചപ്പാത്തിയുടെ ആകൃതിയില്‍ പരത്തുക. ദോശക്കല്ല് ചൂടാക്കി ചപ്പാത്തി ചുട്ടെടുക്കണം. ആവശ്യമെങ്കില്‍ എണ്ണചേര്‍ത്ത്  പൊള്ളിച്ച് എടുക്കാവുന്നതാണ്.

Malayalam
-->