കാപ്‌സിക്കം

കാപ്‌സിക്കം

 

ശീതകാലപച്ചക്കറി ഇനമായ കാപ്‌സിക്കം കേരളത്തിലെ സമതലപ്രദേശങ്ങളില്‍ വിജയകരമായി കൃഷിചെയ്യാം. മഴക്കാലത്ത് പോളിഹൗസിലും, മഴമറ ഉണ്ടാക്കി അതിലും എല്ലാക്കാലത്തും കാപ്‌സിക്കം കൃഷിചെയ്യാം. സെപ്റ്റംബര്‍-ഒക്‌ടോബര്‍ മാസങ്ങളില്‍ കൃഷി ആരംഭിക്കുന്നതാണ് നല്ലത്.

ഇനം

കാലിഫോര്‍ണിയവണ്ടര്‍ എന്ന ഇനമാണ് നല്ലത്. ഈ ഇനം ലഭിക്കുന്നില്ലെങ്കില്‍ മാര്‍ക്കറ്റില്‍ നിന്ന് ലഭിക്കുന്ന വിത്ത് ഉപയോഗിക്കാം.

വിത്തിന്‍റെ തോത്

ഒരു സെന്റില്‍ നടുന്നതിന് നാലു ഗ്രാം വിത്ത് തൈകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കണം.

തൈകളുടെ ഉത്പാദനരീതി

 കാപ്‌സിക്കം പറിച്ചു നടേണ്ട വിളയാണ്. തൈകള്‍ ഉത്പാദിപ്പിക്കാന്‍ സീഡ് ലിംഗ് പ്ലാസ്റ്റിക്ക് ഗ്രേ കപ്പ്, പോളിത്തീന്‍ കവറുകള്‍, ഗ്രോ ബാഗ് എന്നിവ ഉപയോഗിക്കാം. മണ്ണ്, മണല്‍, ചാണകപ്പൊടി അല്ലെങ്കില്‍ കലര്‍പ്പില്ലാത്ത കോഴിവളം 1:1:1 എന്ന അനുപാതത്തില്‍ ഉണ്ടാക്കിയ മിശ്രിതം നിറച്ചതിനുശേഷം വിത്തുകള്‍ പാകുക. ചാണകമോ കോഴിവളമോ ഉപയോഗിക്കുന്നുണെ്ടങ്കില്‍ ട്രൈക്കോഡര്‍മചേര്‍ത്ത് ഒരാഴ്ചയ്ക്കുശേഷം വിത്തു പാകാം.

തോട്ടങ്ങളിലും വിത്ത് പാകി പറിച്ചുനടാം: രണ്ട് അല്ലെങ്കില്‍ മൂന്നടി വീതിയിലും 3,4 അടി ഉയരത്തിലും ആവശ്യാനുസരണം നീളവുമുള്ള തവാരണകള്‍ തയാറാക്കി ഉണക്കിപൊടിച്ച ചാണകം അല്ലെങ്കില്‍ കലര്‍പ്പില്ലാത്ത കോഴിവളം നന്നായി ഇളക്കി ചേര്‍ക്കുക. നഴ്‌സറിയില്‍ ഉണ്ടാകുന്ന കുമിള്‍ രോഗങ്ങളെ നിയന്ത്രിക്കുന്നതിന് ഫൈറ്റൊലാന്‍ നാലു ഗ്രാം അല്ലെങ്കില്‍ 10 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തവാരണകളില്‍ ഒഴിക്കണം. അതിനുശേഷം ഒരാഴ്ചകഴിഞ്ഞ് വിത്തുകള്‍ പാകാം. തൈകളുടെ വളര്‍ച്ച മോശമാണെങ്കില്‍ 15 ദിവസം പ്രായമായ തൈകള്‍ക്ക് 19:19:19 വളമിശ്രിതം ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ തളിക്കാം. ഒരുമാസം പ്രായമായ തൈകള്‍ പറിച്ചുനടാം.

നടീല്‍ രീതി

Planting

നല്ല നീര്‍വാര്‍ച്ചയും സൂര്യപ്രകാശവും ലഭിക്കുന്ന സ്ഥലങ്ങളാണ് കൃഷി ചെയ്യാന്‍ ഉചിതം. നന്നായി കിളച്ചൊരുക്കിയ മണ്ണില്‍ 45 സെന്റീമീറ്റര്‍ (ഒന്നരയടി) അകലത്തില്‍ ചാലുകള്‍ എടുക്കണം. ഉണക്കിപ്പൊടിച്ചചാണകപ്പൊടി അല്ലെങ്കില്‍ കമ്പോസ്റ്റ് ഒരു സെന്റിന് 100 കിലോ അല്ലെങ്കില്‍ കലര്‍പ്പില്ലാത്ത കോഴിവളം 50 കിലോ നല്ലതുപോലെ മണ്ണുമായി കൂട്ടിയിളക്കിയതിനുശേഷം ഫൈറ്റൊലാന്‍ നാലു ഗ്രാം അല്ലെങ്കില്‍ സ്യൂഡോമോണാസ് 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെന്നതോതില്‍ കലക്കി ചാലുകളില്‍ ഒഴിക്കണം. അതിനുശേഷം ഒരാഴ്ചകഴിഞ്ഞ് 30 ദിവസം പ്രായമായ തൈകള്‍ 45 സെന്റീമീറ്റര്‍ (ഒന്നരയടി) അകലത്തില്‍ വൈകുന്നേരം പറിച്ചുനടണം. ഈര്‍പ്പം വിടാത്ത രീതിയില്‍ നനയ്ക്കണം. തൈകള്‍ നട്ടതിനുശേഷം 3-4 ദിവസത്തേക്ക് തണല്‍ നല്‍കണം. തൈകള്‍ നട്ടതിനുശേഷം ജൈവവളം അതായത് ചാണകമോ കമ്പോസ്റ്റോ കോഴിവളമോ നടീല്‍ കഴിഞ്ഞ് 15-20 ദിവസം കഴിയുമ്പോള്‍ വീണ്ടും ചേര്‍ത്തു കൊടുക്കാം.

മേല്‍മണ്ണ് ചെടിയുടെവേരുകള്‍ പോകാതെ ഇളക്കിയതിനുശേഷം ജൈവവളം ഇടണം. വളമിട്ടതിനുശേഷം മണ്ണ് കയറ്റിക്കൊടുക്കുകയും വേണം. ആവശ്യമെങ്കില്‍ താങ്ങുകാലുകള്‍ കൊടുത്ത് കെട്ടിനിര്‍ത്തണം.
കീടനിയന്ത്രണം

നീരൂറ്റിക്കുടിക്കുന്ന വെള്ളീച്ച, മൈറ്റ്‌സ് തുടങ്ങിയ കീടങ്ങള്‍ക്കെതിരേ കീടനാശിനിക്കടകളില്‍ നിന്ന് ലഭിക്കുന്ന നീംഓയില്‍ പ്ലസ് 10 മില്ലിലിറ്ററും കലര്‍പ്പില്ലാത്ത വേപ്പണ്ണ 10 മില്ലി ലിറ്ററും കൂടി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളിലും തണ്ടിലും വീഴത്തക്കവിധത്തില്‍ തളിച്ചുകൊടുക്കണം. ഒരാഴ്ച ഇടവിട്ട് തളിച്ചുകൊടുക്കുന്നത് നല്ലതാണ്. ഇലയുടെ അടിഭാഗത്തും കൂമ്പിലും നല്ലതുപോലെ വീഴത്തക്കവിധത്തില്‍ തളിക്കണം.

വെളുത്തുള്ളി-കാന്താരി മിശ്രിതവും തളിക്കാം: 50 ഗ്രാം കാന്താരിയും 50 ഗ്രാം വെളുത്തുള്ളിയും 50 ഗ്രാം ഇഞ്ചിയും നന്നായി അരച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി അരിച്ചെടുത്ത് തളിക്കാം.

ഗോമൂത്രം-കാന്താരി മിശ്രിതം: 50 ഗ്രാം കാന്താരി ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ അരച്ചു ചേര്‍ത്ത് 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി അരിച്ചെടുത്ത് തളിക്കാം.

ഇലകളില്‍ പുള്ളിക്കുത്ത് വന്ന് ഇലകള്‍ കൊഴിയുന്നുണെ്ടങ്കില്‍ ബോര്‍ഡോമിശ്രിതം അല്ലെങ്കില്‍ ഫൈറ്റൊലാന്‍ നാലു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിച്ചുകൊടുക്കണം.

വിളവെടുപ്പ്

തൈകളില്‍ ആദ്യം ഉണ്ടാകുന്ന പൂക്കള്‍ പറിച്ചുകളയണം. കായ് കള്‍ക്ക് നല്ല തിളക്കമാകുമ്പോള്‍ വിളവെടുക്കാം. നല്ലതുപോലെ പരിപാലിക്കുകയാണെങ്കില്‍ കൂടുതല്‍ നാള്‍ കാപ്‌സിക്കം ഉല്പാദനം നല്‍കും.

Malayalam
-->